Wednesday, September 12, 2007

വാക്ക് ( കവിത )

വാക്ക്‌ വെറും വാക്കല്ല
അതിന്‌,
ഉറുമ്പിന്റെ കണ്ണും
പൂവിന്റെ ഹൃദയവുമുണ്ട്‌.

കടലോളം ആഴവും
ആകാശത്തോളം വിസ്തൃതിയുമുണ്ട്,

വാക്കുകളില്‍
തേനിന്റെ മാധുര്യം
കാഞ്ഞിരത്തിന്റെ കയ്പ്‌,

വാക്കുകളില്‍
മറഞ്ഞു നില്‍ക്കുന്ന കൊടുങ്കാറ്റ്‌
ആര്‍ത്ത‍ലയ്ക്കുന്ന കടല്‍
കണ്ണീരിനുപ്പ്‌.

വാക്കുകള്‍ മുളക്കുന്ന കുന്നുകളില്‍ നിന്നാണ്‌
കവികള്‍,
ജീവിതം തേടിയത്‌,

‘വാക്കുകള്‍ പൂക്കളെ പോലെ
ചിരിപ്പിക്കാം
പട്ടിയെ പോലെ കുരപ്പിക്കാം'
എന്ന് കവി പാടിയത്‌
വാക്കുകള്‍ കൊണ്ടാണ്‌;
ചിന്തിക്കുന്ന വാക്കുകള്‍കൊണ്ട്‌.

വാക്കുകള്‍കൊണ്ട്‌,
വീടുകള്‍ പണിയാം;
കുടിലുകളും
കൊട്ടാരങ്ങളും തീര്‍ക്കാം.

വാക്കുകള്‍ കൊണ്ട്‌
ഭ്രാന്തന്റെ ജീവിതം
വായിച്ചെടുക്കാം.

വാക്കുകള്‍ കൊണ്ട്
അന്ധനു പകലൊരുക്കാം
വാക്കുകള്‍ കൊണ്ട്
നവലോകം പണിയാം.

വാക്കുകള്‍ കൊണ്ട്
നമുക്കണുബോംബ് തീര്‍ക്കാം.

കൂട്ടുകാരെ,

ഞാന്‍ ആദ്യമായി ബ്ലോഗില്‍ എന്റെരു സൃഷ്ടി അവതരിപ്പിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളോടെ,

ആഡൂരാന്‍.

11 comments:

ആഡൂരാന്‍ said...

വാക്ക്‌ വെറും വാക്കല്ല
അതിന്‌,
ഉറുമ്പിന്റെ കണ്ണും
പൂവിന്റെ ഹൃദയവുമുണ്ട്‌.

അനാഗതശ്മശ്രു said...

സ്വാഗതം
ഇതു വാക്കാ...
ക്യാറ്റ് വാക്കായാലും വേച്ചു വേച്ചു പോകാത്ത
മുഴുവന്‍ വെന്ത വാക്കു

ശ്രീ said...

സ്വാഗതം!

“വാക്കുകള്‍‌ക്ക്
കടലോളം ആഴവും
ആകാശത്തോളം വിസ്തൃതിയുമുണ്ട്”

നന്നായിട്ടുണ്ട്.
തുടര്‍‌ന്നെഴുതൂ.
:)

ശ്രീഹരി::Sreehari said...

സ്വാഗതം
:)

മയൂര said...

ആശയവും വരികളും നന്നായിട്ടുണ്ട്...ആശംസകള്‍...

കുഞ്ഞന്‍ said...

വാക്കാണല്ലോ അമൃത്
വാക്കാണല്ലോ അപവാദം
വാക്കാണല്ലോ അഗ്നി
വാക്കു തരിക തുടര്‍‌ന്നെഴുതുമെന്ന് !

സുസ്വാഗതം, അനുഗ്രഹം വേണ്ടുവോളമുണ്ടല്ലോ..

aneeshans said...

നല്ല വരികള്‍ . സ്വാഗതം അഡൂരാന്‍

aneeshans said...
This comment has been removed by the author.
സജീവ് കടവനാട് said...

വാക്കേ, വാഴ്ക...വാഴ്ക...

ആഡൂരാന്‍ said...

നന്ദിയെല്ലാവര്‍ക്കും...

Unknown said...

വാക്കുകൾ കൊണ്ടു അന്ധനു ലോകം പണിയാം വാക്കുകൾ കൊണ്ടു നവ ലോകം പണിയാം!
നല്ല ഭാവന ! എല്ലാ ഭാവുകങ്ങളും നേരുന്നു. എഴുതൂ വീണ്ടും.......